ആലിന്തറ,വെഞ്ഞാറമൂട്.പി.ഒ.
ഒരു ഗ്രാമം അന്യദേശങ്ങളോട് സംവദിക്കുന്നത് അതിന്റെ കാഴ്ചാമാഹാത്മ്യങ്ങളിലൂടെയാണ്!വെഞ്ഞാറമൂടിന്റെ സാംസ്കാരികജിഹ്വയായി ദശാബ്ദങ്ങളായിവര്ത്തിക്കുകയാണ് രംഗപ്രഭാത് എന്ന കുട്ടികളുടെ നാടകവേദി.
‘കുട്ടികളുടെ നാടകവേദി’ എന്ന സങ്കല്പം ഉരുത്തിരിയുന്നത് 60കളിലാണ്.
നാടകാചാര്യനായിരുന്ന പ്രൊഫ.ജി.ശങ്കരപ്പിള്ളയുടെ അത്തരം ആശയങ്ങള്‍ക്ക് പരേതനായ ശ്രീ.മടവൂര്‍ കൊച്ചുനാരായണപിള്ളസാറിന്റെ ആത്മാര്‍ത്ഥമായ ഗുരുദക്ഷിണയായിരുന്നു രംഗപ്രഭാത്.
1970 സെപ്തംബര്‍ 19-ആം തീയതി പ്രൊഫ.ജി.ശങ്കരപ്പിള്ള (ചിത്രം ഇടത്ത്)ഭദ്രദീപം കൊളുത്തി വാമനപുരം ഗവ.എല്‍.പി.സ്കൂളില്‍ വച്ച് രംഗപ്രഭാതിന് തുടക്കം കുറിച്ചു.തുടര്‍ന്ന് അരങ്ങേറിയ ‘പുഷ്പകിരീടം’ആയിരുന്നു ആദ്യനാടകം.കാലക്രമേണ ആ പ്രസ്ഥാനം ആലിന്തറയിലെ നാടകഗ്രാമമായി വളര്‍ന്നു.
ഓരോ ഘട്ടത്തിലും രംഗപ്രഭാതിലെ കുട്ടികള്‍ക്ക് അവതരിപ്പിക്കാനായി ശങ്കരപ്പിള്ളസാര്‍ എഴുതിയ പത്തോളം നാടകങ്ങള്‍ മലയാളബാലസാഹിത്യത്തിന് വലിയ മുതല്‍ക്കൂട്ടായി!
പട്ടണസംസ്കാരങ്ങള്ക്കനുസരണമായി കലോത്സവക്കോപ്പുകളിലേക്ക് കുട്ടികളെ അണിയിച്ചുവിടുകയെന്നതിലുപരി വ്യതിരക്തമായ ലക്ഷ്യസങ്കല്പങ്ങളോടെയും സൈദ്ധാന്തികമായ ഉള്‍ക്കാഴ്ചയോടെയും കൊച്ചുനാരായണപിള്ളസാര്‍(ചിത്രം വലത്ത്) രൂപം കൊടുത്ത നാടകവികസനത്തിന്റെ മാര്‍ഗരേഖകള്‍ രംഗപ്രഭാതിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായി. രംഗപ്രഭാത്,കുട്ടികളുടേതെന്നു പറയാവുന്ന രാജ്യത്തെ ആദ്യ നാടകവേദിയാണെന്നത് അതിന്റെ പ്രാധാന്യം വിളിച്ചോതുന്നു.
ജാതിമതവര്ണവര്ഗവ്യത്യാസങ്ങളില്ലാതെ,പണത്തിന്റേയും ഇല്ലായ്മയുടേയും ഉച്ചനീചത്വങ്ങളില്ലാതെ എന്റെ ഗ്രാമത്തിലെ സര്‍ഗവാസനയുള്ള ഓരോ കുട്ടിക്കും അവന്റെ ഉള്ളിലെ വജ്രബിന്ദുക്കളുടെ തിളക്കം പുറംലോകത്തെത്തിക്കാന്‍ രംഗപ്രഭാതിന്റെ തട്ടകം സഹായകമായി.
ചില നാടകരംഗങ്ങള്‍
2. ‘നിഴല്‍’ എന്ന നാടകം. ഇത് വെറുമൊരു നിഴല്നാടകമല്ല!!
3. നാടകം:‘പൊന്നുംകുടം’
അവതരണം:എന്റെ ഗ്രാമത്തിലെ പൊന്നുംകുടങ്ങള്‍!!
4.‘പുഷ്പകിരീടം’....ചില രാജകുമാരിമാര്‍!
5.സര്‍ക്കസല്ല;ഒരു നാടകരംഗം!!
കദംബം-കളരി-കളം
തുടക്കത്തില്‍ ഈ നാടകസംസ്കാരത്തിന്റെ ഭാഗമായിരുന്ന തലമുറ 1988 ഒക്കെ ആയപ്പോഴേക്കും വളര്‍ന്ന് കുട്ടികളല്ലാതായി.എങ്കിലും നാടകത്തിന്റെ കളിക്കളം വിടാന്‍ വിമുഖത. ഇത് സ്വാഭാവികമായും പുതിയ ചില വികസങ്ങളിലേക്ക് വാതായനങ്ങള്‍ തുറന്നു.
പ്രൊഫ.എന്‍.കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശങ്ങളുടെ പിന്‍ബലത്തോടെ രംഗപ്രഭാതില് മൂന്ന് സ്ഥിരം നാടകവേദികളുണ്ടായി. കുട്ടികളുടേത് “കദംബം”,കൌമാരപ്രായക്കാരുടേത് “കളരി”,പ്രായമായവരുടേത് “കളം”.
പ്രായമായവര്‍ പ്രായമായവര്‍ക്കുമാത്രം രസിക്കുന്ന ജീവിതമുഹൂര്‍ത്തങ്ങളെ ആവിഷ്കരിച്ച് ‘കുട്ടികളുടെ നാടക’മാക്കുകയെന്ന സര്‍വ്വസാധാരണമായ രീതിയെ രംഗപ്രഭാത് തനത് നാടകങ്ങളാല്‍ ചോദ്യം ചെയ്തു. ‘പ്രായമായവര്‍ക്കുവേണ്ടി കുട്ടികളെ കുരങ്ങുകളിപ്പിക്കുന്നതല്ല കുട്ടികളുടെ നാടകം’ എന്ന് രംഗപ്രഭാത് സ്വന്തം ആവിഷ്കാരങ്ങള്‍ കൊണ്ട് തെളിയിച്ചിരിക്കുന്നു.കുട്ടികളുടെ മനസ്സിന്റെ നാടകാസ്വാദനശേഷികളെ മുന്നില്‍ക്കണ്ടുകൊണ്ട് നാടകങ്ങളെ അവതരിപ്പിക്കുകതന്നെയാണ് രംഗപ്രഭാതിന്റെ ലക്ഷ്യം!
ദൈനംദിനപ്രവര്‍ത്തനങ്ങള്‍
പലതരം സ്കൂളുകളില്‍ നിന്നും പലതരം വീടുകളിലേക്കുമടങ്ങിയെത്തുന്നകുട്ടികള് എന്നും ‘കദംബ’ത്തില്‍ ഒത്തുകൂടുന്നു.രണ്ടുഗ്രൂപ്പുകളായിത്തിരിഞ്ഞ് ആദ്യം ശുചീകരണപ്രവര്‍ത്തനങ്ങള്‍.അതും ഒരു ഉത്സവം പോലെ എല്ലാവരുമൊന്നിച്ച്!!
പിന്നെ വരിയായിനിന്ന് പ്രാര്‍ത്ഥന.
വന്ദനം നാട്യകല്പകം..മംഗളം ജയമംഗളം
വന്ദനം ഭരതമാമുനി..മംഗളം ജയമംഗളം
വന്ദനം ലോകസഹൃദയം..മംഗളം ജയമംഗളം
മംഗളം ജയമംഗളം
നാടാകെ നഗരമാകെ പൊലിക പൊലിക പൊലിക പൊലിക!!
ഊരാകെ ഉലകമാകെ പൊലിക പൊലിക പൊലിക പൊലിക !!
ആളാകെ അരങ്ങാകെ പൊലിക പൊലിക പൊലിക പൊലിക !!
നാമാകെ നാട്ടാരാകെ പൊലിക പൊലിക പൊലിക പൊലിക!!
പിന്നെ എല്ലാവരും ഗ്രൂപ്പുകളായി ഇരുന്ന് വീട്,സ്കൂള്‍,നാട് എല്ലാം പരസ്പരം സംസാരിക്കും!
തുടര്‍ന്ന് നാടകപരിശീലനം...എന്നുവച്ചാല്‍
തിയേറ്റര്‍ ഗയിംസ്,കഥ പറയുക,കഥ പറഞ്ഞഭിനയിക്കുക,വാസനാവികാസ നാടകം,നൃത്തം,സംഗീതം,നാടന്‍ കലാപരിശീലനം,മുഖം മൂടികളും അലങ്കാരങ്ങളും നിര്‍മ്മിക്കലും പ്രയോഗങ്ങളും,പാവനിര്‍മ്മാണം....പിന്നെ നാടകപരിശീലനം!!
മറ്റുചില ചിത്രങ്ങള്‍
1.ദേശാടന നാടക പരിപാടിക്ക് ശ്രീ.പ്രസന്ന പതാകവീശി യാത്രയാക്കുന്നു.
2.ഡോ.കപിലാ വാത്സ്യായന് രംഗപ്രഭാത് സന്ദര്‍ശിച്ചപ്പോള്‍
3.പുതിയ മന്ദിരത്തിന്റെയും തുറന്ന തിയറ്ററിന്റേയും ഉല്‍ഘാടനം: ശ്രീ.കെ.കരുണാകരന്,അന്നത്തെ മുഖ്യമന്ത്രി
അംഗീകാരങ്ങള്‍
ആകാശവാണിയുടെ ക്ഷണിക്കപ്പെട്ട സദസ്സുകളില്‍ നാടകം അവതരിപ്പിക്കാനുള്ള അവകാശം നിരവധിതവണ രംഗപ്രഭാതിനുലഭിച്ചു.
ദൂരദര്ശന് മലയാളവിഭാഗം തുടങ്ങുമ്പോള്‍ ആദ്യപരിപാടിയായതും രംഗപ്രഭാതിന്റെ നാടകമായിരുന്നു.
തിക്കൊടിയന് അവാര്‍ഡ്-1989
രാമചന്ദ്രന് ഇക്കേഡാ അന്താരാഷ്ട്ര അവാര്‍ഡ്-2001
ജി.ഡി.ബിര്‍ല അവാര്‍ഡ്-2005
ഗാന്ധിസ്മൃതിദര്ശന് പുരസ്കാരം,ആര്.ജി.മംഗലം പുരസ്കാരം, ‘അഭിനയ’തിരുവനന്തപുരം അവാര്‍ഡ്,1983ലും 2003ലും കേന്ദ്രസര്‍ക്കാരിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്,2003ലെ ഗാന്ധി മീഡിയസെന്റര്‍ പുരസ്കാരം.
(ഇത്രയും എനിക്കറിയുന്നത്;അറിയാത്തത് ചിലപ്പോള്‍ വേറേയുണ്ടാവും!)
വെഞ്ഞാറമൂട് നാടക-സിനിമാരംഗങ്ങളിലും കാക്കാരിശ്ശിപോലുള്ള നാടന്‍ കലകളിലും പ്രശസ്തരുള്ള നാടാണെന്നുപറഞ്ഞിരുന്നല്ലോ!അതിന്റെ വളര്‍ച്ചയില്‍ രംഗപ്രഭാതിനും ഒരു പങ്കുണ്ട്.എന്റെ നാടിന് കലകളോട് ആഭിമുഖ്യമുള്ള ഒരു സംസ്കാരം വളര്‍ത്തിയെടുത്ത രംഗപ്രഭാതിനെ ലോകം അറിയാന്‍ എന്റെവക ഗുരുദക്ഷിണയാവട്ടെ ഈ പോസ്റ്റ്! നാടകം കളിക്കുന്നതോ കാണുന്നതോ സംസ്കാരച്യുതിയാവില്ലെന്നുകരുതുന്ന രക്ഷകര്‍ത്താക്കളെ സൃഷ്ടിക്കുന്നതില്‍ എന്റെ നാട് വിജയിച്ചിരിക്കുന്നു.രംഗപ്രഭാതിന്റെ നിസ്തന്ദ്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെയും പ്രാര്‍ത്ഥനാഭരിതമായ ആശംസകള്‍!!
ചിത്രങ്ങള്‍ക്ക് കടപ്പാട് : രംഗപ്രഭാത് ഡേറ്റാലൈബ്രറി