Thursday, January 28, 2010

ബ്ലോഗനയിലെത്തിയ വെഞ്ഞാറന്‍

ളരെ യാദൃശ്ചികമായി ബ്ലോഗില്‍ കണ്ടെത്തിയ പേരാണ് വെഞ്ഞാറന്‍ !
ആദ്യവായനയില്‍ തന്നെ എന്റെ നാട്ടുകാരനും ഏതോ ഒരു കൂട്ടുകാരനുമാണിതെന്ന് തോന്നിയിരുന്നു.
വെഞ്ഞാറമൂടിനെക്കുറിച്ചുള്ള ഓര്‍മ്മകളുണര്‍ത്തിയ മനോഹരമായ പോസ്റ്റുകള്‍..
ഞാറച്ചോട്ടില്‍ എന്ന അവന്റെ ബ്ലോഗിലെ ഗുരുനാഥന്‍ എന്ന പോസ്റ്റാണ് ഇത്തവണ മാതൃഭൂമി ബ്ലോഗനയില്‍ ..
അഭിനന്ദനങ്ങള്‍ ..

ഒരു സുരാജ് വെഞ്ഞാറമൂടെന്ന ഇട്ടാവട്ടത്തിനുമപ്പുറം എന്റെ നാടെന്താണെന്ന് ലോകം അറിയട്ടെ!!
സ്നേഹം മുട്ടി ചീത്തവിളിക്കുന്ന, എന്റെയും വെഞ്ഞാറമൂടിന്റെയും ഗുരുനാഥനായ സി.വി.സാറിന് (നിങ്ങടെയൊക്കെ സി.വി.രാമന്‍ പിള്ള സാറല്ല :) ) പ്രണാമം.

ബ്ലോഗനയില്‍ വന്നത്...
























Saturday, April 26, 2008

രംഗപ്രഭാത്-കുട്ടികളുടെ നാടകവേദി

രംഗപ്രഭാത്-കുട്ടികളുടെ നാടകവേദി
ആലിന്തറ,വെഞ്ഞാറമൂട്.പി.ഒ.

രു ഗ്രാമം അന്യദേശങ്ങളോട് സംവദിക്കുന്നത് അതിന്റെ കാഴ്ചാമാഹാത്മ്യങ്ങളിലൂടെയാണ്!വെഞ്ഞാറമൂടിന്റെ സാംസ്കാരികജിഹ്വയായി ദശാബ്ദങ്ങളായിവര്‍ത്തിക്കുകയാണ് രംഗപ്രഭാത് എന്ന കുട്ടികളുടെ നാടകവേദി.

‘കുട്ടികളുടെ നാടകവേദി’ എന്ന സങ്കല്പം ഉരുത്തിരിയുന്നത് 60കളിലാണ്.
നാടകാചാര്യനായിരുന്ന പ്രൊഫ.ജി.ശങ്കരപ്പിള്ളയുടെ അത്തരം ആശയങ്ങള്‍ക്ക് പരേതനായ ശ്രീ.മടവൂര്‍ കൊച്ചുനാരായണപിള്ളസാറിന്റെ ആത്മാര്‍ത്ഥമായ ഗുരുദക്ഷിണയായിരുന്നു രംഗപ്രഭാത്.



1970 സെപ്തംബര്‍ 19-ആം തീയതി പ്രൊഫ.ജി.ശങ്കരപ്പിള്ള (ചിത്രം ഇടത്ത്)ഭദ്രദീപം കൊളുത്തി വാമനപുരം ഗവ.എല്‍.പി.സ്കൂളില്‍ വച്ച് രംഗപ്രഭാതിന് തുടക്കം കുറിച്ചു.തുടര്‍ന്ന് അരങ്ങേറിയ ‘പുഷ്പകിരീടം’ആയിരുന്നു ആദ്യനാടകം.കാലക്രമേണ ആ പ്രസ്ഥാനം ആലിന്തറയിലെ നാടകഗ്രാമമായി വളര്‍ന്നു.
ഓരോ ഘട്ടത്തിലും രംഗപ്രഭാതിലെ കുട്ടികള്‍ക്ക് അവതരിപ്പിക്കാനായി ശങ്കരപ്പിള്ളസാര്‍ എഴുതിയ പത്തോളം നാടകങ്ങള്‍ മലയാളബാലസാഹിത്യത്തിന് വലിയ മുതല്‍ക്കൂട്ടായി!


പട്ടണസംസ്കാരങ്ങള്‍ക്കനുസരണമായി കലോത്സവക്കോപ്പുകളിലേക്ക് കുട്ടികളെ അണിയിച്ചുവിടുകയെന്നതിലുപരി വ്യതിരക്തമായ ലക്ഷ്യസങ്കല്പങ്ങളോടെയും സൈദ്ധാന്തികമായ ഉള്‍ക്കാഴ്ചയോടെയും കൊച്ചുനാരായണപിള്ളസാര്‍(ചിത്രം വലത്ത്) രൂപം കൊടുത്ത നാടകവികസനത്തിന്റെ മാര്‍ഗരേഖകള്‍ രംഗപ്രഭാതിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായി. രംഗപ്രഭാത്,കുട്ടികളുടേതെന്നു പറയാവുന്ന രാജ്യത്തെ ആദ്യ നാടകവേദിയാണെന്നത് അതിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

ജാതിമതവര്‍ണവര്‍ഗവ്യത്യാസങ്ങളില്ലാതെ,പണത്തിന്റേയും ഇല്ലായ്മയുടേയും ഉച്ചനീചത്വങ്ങളില്ലാതെ എന്റെ ഗ്രാമത്തിലെ സര്‍ഗവാസനയുള്ള ഓരോ കുട്ടിക്കും അവന്റെ ഉള്ളിലെ വജ്രബിന്ദുക്കളുടെ തിളക്കം പുറംലോകത്തെത്തിക്കാന്‍ രംഗപ്രഭാതിന്റെ തട്ടകം സഹായകമായി.
ചില നാടകരംഗങ്ങള്‍


1.‘ഗുരുദക്ഷിണ’ എന്ന നാടകത്തില്‍ നിന്നും.തികച്ചും ഓപ്പണ്‍ എയര്‍!!


2. ‘നിഴല്‍’ എന്ന നാടകം. ഇത് വെറുമൊരു നിഴല്‍നാടകമല്ല!!

3. നാടകം:‘പൊന്നുംകുടം’
അവതരണം:എന്റെ ഗ്രാമത്തിലെ പൊന്നുംകുടങ്ങള്‍!!

4.‘പുഷ്പകിരീടം’....ചില രാജകുമാരിമാര്‍!

5.സര്‍ക്കസല്ല;ഒരു നാടകരംഗം!!
കദംബം-കളരി-കളം
തുടക്കത്തില്‍ ഈ നാടകസംസ്കാരത്തിന്റെ ഭാഗമായിരുന്ന തലമുറ 1988 ഒക്കെ ആയപ്പോഴേക്കും വളര്‍ന്ന് കുട്ടികളല്ലാതായി.എങ്കിലും നാടകത്തിന്റെ കളിക്കളം വിടാന്‍ വിമുഖത. ഇത് സ്വാഭാവികമായും പുതിയ ചില വികസങ്ങളിലേക്ക് വാതായനങ്ങള്‍ തുറന്നു.

പ്രൊഫ.എന്‍.കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശങ്ങളുടെ പിന്‍ബലത്തോടെ രംഗപ്രഭാതില്‍ മൂന്ന് സ്ഥിരം നാടകവേദികളുണ്ടായി. കുട്ടികളുടേത് “കദംബം”,കൌമാരപ്രായക്കാരുടേത് “കളരി”,പ്രായമായവരുടേത് “കളം”.

പ്രായമായവര്‍ പ്രായമായവര്‍ക്കുമാത്രം രസിക്കുന്ന ജീവിതമുഹൂര്‍ത്തങ്ങളെ ആവിഷ്കരിച്ച് ‘കുട്ടികളുടെ നാടക’മാക്കുകയെന്ന സര്‍വ്വസാധാരണമായ രീതിയെ രംഗപ്രഭാത് തനത് നാടകങ്ങളാല്‍ ചോദ്യം ചെയ്തു. ‘പ്രായമായവര്‍ക്കുവേണ്ടി കുട്ടികളെ കുരങ്ങുകളിപ്പിക്കുന്നതല്ല കുട്ടികളുടെ നാടകം’ എന്ന് രംഗപ്രഭാത് സ്വന്തം ആവിഷ്കാരങ്ങള്‍ കൊണ്ട് തെളിയിച്ചിരിക്കുന്നു.കുട്ടികളുടെ മനസ്സിന്റെ നാടകാസ്വാദനശേഷികളെ മുന്നില്‍ക്കണ്ടുകൊണ്ട് നാടകങ്ങളെ അവതരിപ്പിക്കുകതന്നെയാണ് രംഗപ്രഭാതിന്റെ ലക്ഷ്യം!
ദൈനംദിനപ്രവര്‍ത്തനങ്ങള്‍

പലതരം സ്കൂളുകളില്‍ നിന്നും പലതരം വീടുകളിലേക്കുമടങ്ങിയെത്തുന്നകുട്ടികള്‍ എന്നും ‘കദംബ’ത്തില്‍ ഒത്തുകൂടുന്നു.രണ്ടുഗ്രൂപ്പുകളായിത്തിരിഞ്ഞ് ആദ്യം ശുചീകരണപ്രവര്‍ത്തനങ്ങള്‍.അതും ഒരു ഉത്സവം പോലെ എല്ലാവരുമൊന്നിച്ച്!!
പിന്നെ വരിയായിനിന്ന് പ്രാര്‍ത്ഥന.

വന്ദനം ഗണനായകം..മംഗളം ജയമംഗളം
വന്ദനം നാട്യകല്പകം..മംഗളം ജയമംഗളം
വന്ദനം ഭരതമാമുനി..മംഗളം ജയമംഗളം
വന്ദനം ലോകസഹൃദയം..മംഗളം ജയമംഗളം
മംഗളം ജയമംഗളം
നാടാകെ നഗരമാകെ പൊലിക പൊലിക പൊലിക പൊലിക!!
ഊരാകെ ഉലകമാകെ പൊലിക പൊലിക പൊലിക പൊലിക !!
ആളാകെ അരങ്ങാകെ പൊലിക പൊലിക പൊലിക പൊലിക !!
നാമാകെ നാട്ടാരാകെ പൊലിക പൊലിക പൊലിക പൊലിക!!

പിന്നെ എല്ലാവരും ഗ്രൂപ്പുകളായി ഇരുന്ന് വീട്,സ്കൂള്‍,നാട് എല്ലാം പരസ്പരം സംസാരിക്കും!

തുടര്‍ന്ന് നാടകപരിശീലനം...എന്നുവച്ചാല്‍

തിയേറ്റര്‍ ഗയിംസ്,കഥ പറയുക,കഥ പറഞ്ഞഭിനയിക്കുക,വാസനാവികാസ നാടകം,നൃത്തം,സംഗീതം,നാടന്‍ കലാപരിശീലനം,മുഖം മൂടികളും അലങ്കാരങ്ങളും നിര്‍മ്മിക്കലും പ്രയോഗങ്ങളും,പാവനിര്‍മ്മാണം....പിന്നെ നാടകപരിശീലനം!!

മറ്റുചില ചിത്രങ്ങള്‍
1.ദേശാടന നാടക പരിപാടിക്ക് ശ്രീ.പ്രസന്ന പതാകവീശി യാത്രയാക്കുന്നു.
2.ഡോ.കപിലാ വാത്സ്യായന്‍ രംഗപ്രഭാത് സന്ദര്‍ശിച്ചപ്പോള്‍
3.പുതിയ മന്ദിരത്തിന്റെയും തുറന്ന തിയറ്ററിന്റേയും ഉല്‍ഘാടനം: ശ്രീ.കെ.കരുണാകരന്‍,അന്നത്തെ മുഖ്യമന്ത്രി


അംഗീകാരങ്ങള്‍

ആകാശവാണിയുടെ ക്ഷണിക്കപ്പെട്ട സദസ്സുകളില്‍ നാടകം അവതരിപ്പിക്കാനുള്ള അവകാശം നിരവധിതവണ രംഗപ്രഭാതിനുലഭിച്ചു.

ദൂരദര്‍ശന്‍ മലയാളവിഭാ‍ഗം തുടങ്ങുമ്പോള്‍ ആദ്യപരിപാടിയായതും രംഗപ്രഭാതിന്റെ നാടകമായിരുന്നു.

തിക്കൊടിയന്‍ അവാര്‍ഡ്-1989

രാമചന്ദ്രന്‍ ഇക്കേഡാ അന്താരാഷ്ട്ര അവാര്‍ഡ്-2001

ജി.ഡി.ബിര്‍ല അവാര്‍ഡ്-2005

ഗാന്ധിസ്മൃതിദര്‍ശന്‍ പുരസ്കാരം,ആര്‍.ജി.മംഗലം പുരസ്കാ‍രം, ‘അഭിനയ’തിരുവനന്തപുരം അവാര്‍ഡ്,1983ലും 2003ലും കേന്ദ്രസര്‍ക്കാരിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്,2003ലെ ഗാന്ധി മീഡിയസെന്റര്‍ പുരസ്കാരം.

(ഇത്രയും എനിക്കറിയുന്നത്;അറിയാത്തത് ചിലപ്പോള്‍ വേറേയുണ്ടാവും!)

വെഞ്ഞാറമൂട് നാടക-സിനിമാരംഗങ്ങളിലും കാക്കാരിശ്ശിപോലുള്ള നാടന്‍ കലകളിലും പ്രശസ്തരുള്ള നാടാണെന്നുപറഞ്ഞിരുന്നല്ലോ!അതിന്റെ വളര്‍ച്ചയില്‍ രംഗപ്രഭാതിനും ഒരു പങ്കുണ്ട്.എന്റെ നാടിന് കലകളോട് ആഭിമുഖ്യമുള്ള ഒരു സംസ്കാരം വളര്‍ത്തിയെടുത്ത രംഗപ്രഭാതിനെ ലോകം അറിയാന്‍ എന്റെവക ഗുരുദക്ഷിണയാവട്ടെ ഈ പോസ്റ്റ്! നാടകം കളിക്കുന്നതോ കാണുന്നതോ സംസ്കാരച്യുതിയാവില്ലെന്നുകരുതുന്ന രക്ഷകര്‍ത്താക്കളെ സൃഷ്ടിക്കുന്നതില്‍ എന്റെ നാട് വിജയിച്ചിരിക്കുന്നു.രംഗപ്രഭാതിന്റെ നിസ്തന്ദ്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെയും പ്രാര്‍ത്ഥനാഭരിതമായ ആശംസകള്‍!!

ചിത്രങ്ങള്‍ക്ക് കടപ്പാട് : രംഗപ്രഭാത് ഡേറ്റാലൈബ്രറി






Thursday, August 9, 2007

എന്റെ ഗ്രാമം



സ്വന്തം ഗ്രാമത്തെക്കുറിച്ചെഴുതുകയെന്നത് ഏതൊരുവനും അഭിമാനകരമല്ലേ!
എനിക്കുമുണ്ട് അത്തരം അഭിമാനവും സന്തോഷവുമൊക്കെ....!
പക്ഷെ, എന്റെ ഗ്രാമത്തിന്റെ പേരുകേള്‍ക്കുമ്പോള്‍തന്നെ ചിലപ്പോള്‍ ചിരിപൊട്ടും!!
തിരുവനന്തപുരത്തുനിന്ന് കോട്ടയത്തിനു വച്ചുപിടിച്ചാല്‍ 27 കിലോമീറ്റര്‍ കഴിഞ്ഞ് ആദ്യത്തെ ബസ് സ്റ്റാന്റെത്തുമ്പോള്‍.....എന്റെ ഗ്രാമമായി.....!!
വെഞ്ഞാറമൂട്!!

എനിക്കറിയാം പല ചെല്ലക്കിളികളും പയലുകളും ഈ പേരുകേട്ടാലുടനേ ചിരിക്കുമെന്ന്!അതിന് ഞങ്ങളുടെ നാടിന്റെ അഭിമാനമായി കേരളത്തെയാകെ പൊട്ടിച്ചിരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിനോട് കടപ്പാട്!!

എം.സി.റോഡിനെ മുറിച്ച്, ആറ്റിങ്ങല്‍-നെടുമങ്ങാട് റോഡ് കുറുകേപോകുന്ന നാലുമുക്കാണ് എന്റെ ഗ്രാമഹൃദയം-വെഞ്ഞാറമൂട് ജങ്ങ്ഷന്‍! പ്രധാനപട്ടണം വെഞ്ഞാറമൂടാണെങ്കിലും സര്‍ക്കാര്‍ പട്ടികയില്‍ ഗ്രാമനാമം ‘നെല്ലനാട്’ എന്നാണ്!!

നഗരഹൃദയത്തെ ചുറ്റിപ്പറ്റി പ്രധാന സര്‍ക്കാരാപ്പീസുകളും കച്ചവടസ്ഥാപനങ്ങളുമുണ്ട്.ജങ്ങ്ഷന്റെ അപ്പുറവും ഇപ്പുറവുമായി ബസ്‌സ്റ്റാന്റും ഗൃഹാതുരത്വമുണര്‍ത്തുന്ന ഗവ.ഹൈസ്കൂളും!

വിശാലമായ ഈ കാര്‍ഷികമേഘലയുടെ സാമ്പത്തികാടിത്തറയും കച്ചവടകേന്ദ്രവുമായിരുന്ന ഗ്രാമച്ചന്ത,വര്‍ഷങ്ങളുടെ വളര്‍ച്ചയില്‍ ജില്ലയിലെ തന്നെ പ്രധാന കച്ചവടകേന്ദ്രങ്ങളിലൊന്നായി വികസിച്ചു. പണ്ട്, ഇപ്പോഴത്തെ ബസ്‌സ്റ്റാന്റ് ഇരിക്കുന്ന സ്ഥലത്തായിരുന്നു ഗ്രാമച്ചന്ത. ഇപ്പോള്‍ ചന്ത പ്രവര്‍ത്തിക്കുന്നസ്ഥലം പഞ്ചായത്ത് കളിസ്ഥലവുമായിരുന്നു!എത്രയെത്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകള്‍,തല്ല്,തലപൊളിക്കല്‍,കോമ്പ്രാമൈസ്….എല്ലാം ഓര്‍മ്മകളിലേക്ക് ബൌണ്‍സ് ചെയ്യുന്നു…

ഒട്ടേറെ ചെറുഗ്രാമങ്ങളുടെ സംഗമമായും വെഞ്ഞാറമൂടിനെക്കാണാം.ആലിന്തറ,നെല്ലനാട്,കീഴായിക്കോണം,പാറക്കല്‍,കോട്ടുകുന്നം,മണലിമുക്ക്,മാണിക്കല്‍ തുടങ്ങിയ മനോഹരഗ്രാമങ്ങള്‍!!

അനുഗ്രഹീതമായ പ്രകൃതിഭംഗികൊണ്ട് എന്റെ ഗ്രാമം അഭ്രപാളികളിലും നിറസാന്നിധ്യമായി!
മാലയോഗം,ദില്ലിവാല രാജകുമാരന്‍,ആഗ്രഹം,ദി കാര്‍,കൌതുകവാര്‍ത്തകള്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ പശ്ചാത്തലമായി എന്റെ ഗ്രാമം പതിഞ്ഞുകിടപ്പുണ്ട്!

വളരെപ്പണ്ടുകാലം മുതല്‍തന്നെ നിലവിലുള്ള ഗ്രന്ഥശാലകളും കലാസമിതികളും ഗ്രാമജനതയുടെ ബൌദ്ധികതലത്തിലും സ്വാധീനം ചെലുത്തി.

കേരളത്തിലെ ആദ്യത്തെ ‘“കുട്ടികളുടെ നാടകവേദി”എന്ന സങ്കല്പം,യശഃശരീരനായ ശ്രീ.ജി.ശങ്കരപ്പിള്ള യഥാര്‍ത്ഥ്യമാക്കിയത് ഞങ്ങളുടെ ഗ്രാമത്തിലായിരുന്നു-“രംഗപ്രഭാത്”!!
കേരള പ്രൊഫഷണല്‍ നാടക രംഗത്തെ പ്രബലമായ രണ്ട് സംഘങ്ങള്‍ വെഞ്ഞാറമൂട്ടിലേതാണ്-‘സൌപര്‍ണ്ണിക’യും ‘സംഘചേതന’യും!!

സിനിമാസംവിധായകരായ ശ്രീ.രാജസേനന്‍,ശ്രീ.തുളസീദാസ്,ശ്രീ.സനല്‍(പ്രിയം),സുരാജ് വെഞ്ഞാറമൂടിനെപ്പോലെ നടീനടന്മാര്‍,എസ്.ബിസതീഷ്(വസ്ത്രാലങ്കാരം-സംസ്ഥാന അവാര്‍ഡ് ജേതാവ്)തുടങ്ങി ഒട്ടനവധിപേര്‍ സിനിമയിലുമെത്തി.
കെ.രാമന്‍പിള്ള(ബി.ജെ.പി മുന്‍ സംസ്ഥാനപ്രസിഡന്റ്),പിരപ്പന്‌കോട് മുരളി(സി.പി.എം നേതാവും കവിയും),കാവിയാട് ദിവാകരപ്പണിക്കര്‍(മുന്‍ തിരു.ദേവസ്വം ബോര്‍ഡ് അംഗം),പി.വിജയദാസ് (മുന്‍ എം.എല്‍.എ.)തുടങ്ങിയ രാഷ്ടീയ നേതാക്കളും മുരളി നെല്ലനാടിനെപ്പോലെ എഴുത്തുകാരും ഒക്കെ ഇവിടത്തുകാര്‍ തന്നെ!!

വെഞ്ഞാറമൂട് മുക്കില്‍നിന്നും 3 കി.മീ. വടക്കുമാറിയാണ് ‘കോട്ടുകുന്നം’(കോട്ട കുന്നകം-കോട്ടകള്‍ പോലെ നില്‍ക്കുന്ന കുന്നുകളുടെ അകം),വാമനപുരം നദിക്കരികില്‍ പച്ചച്ച മലനിരകളാല്‍ ചുറ്റപ്പെട്ട് മനോഹരിയായ കോട്ടുകുന്നത്തിന്റെ അധീശന്‍ ശിവനും അലങ്കാരമായി പ്രശസ്ത ശിവാലയവും!!തിരികെ വരുമ്പോള്‍ പഴമയുടെ പ്രൌഢിവിളമ്പി”മുക്കുന്നൂര്‍”,വയല്‍ക്കരയില്‍ ‘കാവറ’(കാവിന്റെ അറ),വലിയകട്ടക്കാല്‍,ഗണപതിപുരം,പരമേശ്വരം………….

ഓരോ കരയിലും അധീശശക്തികളായ ദേവതകളുടെ ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍!!