Thursday, August 9, 2007

എന്റെ ഗ്രാമം



സ്വന്തം ഗ്രാമത്തെക്കുറിച്ചെഴുതുകയെന്നത് ഏതൊരുവനും അഭിമാനകരമല്ലേ!
എനിക്കുമുണ്ട് അത്തരം അഭിമാനവും സന്തോഷവുമൊക്കെ....!
പക്ഷെ, എന്റെ ഗ്രാമത്തിന്റെ പേരുകേള്‍ക്കുമ്പോള്‍തന്നെ ചിലപ്പോള്‍ ചിരിപൊട്ടും!!
തിരുവനന്തപുരത്തുനിന്ന് കോട്ടയത്തിനു വച്ചുപിടിച്ചാല്‍ 27 കിലോമീറ്റര്‍ കഴിഞ്ഞ് ആദ്യത്തെ ബസ് സ്റ്റാന്റെത്തുമ്പോള്‍.....എന്റെ ഗ്രാമമായി.....!!
വെഞ്ഞാറമൂട്!!

എനിക്കറിയാം പല ചെല്ലക്കിളികളും പയലുകളും ഈ പേരുകേട്ടാലുടനേ ചിരിക്കുമെന്ന്!അതിന് ഞങ്ങളുടെ നാടിന്റെ അഭിമാനമായി കേരളത്തെയാകെ പൊട്ടിച്ചിരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിനോട് കടപ്പാട്!!

എം.സി.റോഡിനെ മുറിച്ച്, ആറ്റിങ്ങല്‍-നെടുമങ്ങാട് റോഡ് കുറുകേപോകുന്ന നാലുമുക്കാണ് എന്റെ ഗ്രാമഹൃദയം-വെഞ്ഞാറമൂട് ജങ്ങ്ഷന്‍! പ്രധാനപട്ടണം വെഞ്ഞാറമൂടാണെങ്കിലും സര്‍ക്കാര്‍ പട്ടികയില്‍ ഗ്രാമനാമം ‘നെല്ലനാട്’ എന്നാണ്!!

നഗരഹൃദയത്തെ ചുറ്റിപ്പറ്റി പ്രധാന സര്‍ക്കാരാപ്പീസുകളും കച്ചവടസ്ഥാപനങ്ങളുമുണ്ട്.ജങ്ങ്ഷന്റെ അപ്പുറവും ഇപ്പുറവുമായി ബസ്‌സ്റ്റാന്റും ഗൃഹാതുരത്വമുണര്‍ത്തുന്ന ഗവ.ഹൈസ്കൂളും!

വിശാലമായ ഈ കാര്‍ഷികമേഘലയുടെ സാമ്പത്തികാടിത്തറയും കച്ചവടകേന്ദ്രവുമായിരുന്ന ഗ്രാമച്ചന്ത,വര്‍ഷങ്ങളുടെ വളര്‍ച്ചയില്‍ ജില്ലയിലെ തന്നെ പ്രധാന കച്ചവടകേന്ദ്രങ്ങളിലൊന്നായി വികസിച്ചു. പണ്ട്, ഇപ്പോഴത്തെ ബസ്‌സ്റ്റാന്റ് ഇരിക്കുന്ന സ്ഥലത്തായിരുന്നു ഗ്രാമച്ചന്ത. ഇപ്പോള്‍ ചന്ത പ്രവര്‍ത്തിക്കുന്നസ്ഥലം പഞ്ചായത്ത് കളിസ്ഥലവുമായിരുന്നു!എത്രയെത്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകള്‍,തല്ല്,തലപൊളിക്കല്‍,കോമ്പ്രാമൈസ്….എല്ലാം ഓര്‍മ്മകളിലേക്ക് ബൌണ്‍സ് ചെയ്യുന്നു…

ഒട്ടേറെ ചെറുഗ്രാമങ്ങളുടെ സംഗമമായും വെഞ്ഞാറമൂടിനെക്കാണാം.ആലിന്തറ,നെല്ലനാട്,കീഴായിക്കോണം,പാറക്കല്‍,കോട്ടുകുന്നം,മണലിമുക്ക്,മാണിക്കല്‍ തുടങ്ങിയ മനോഹരഗ്രാമങ്ങള്‍!!

അനുഗ്രഹീതമായ പ്രകൃതിഭംഗികൊണ്ട് എന്റെ ഗ്രാമം അഭ്രപാളികളിലും നിറസാന്നിധ്യമായി!
മാലയോഗം,ദില്ലിവാല രാജകുമാരന്‍,ആഗ്രഹം,ദി കാര്‍,കൌതുകവാര്‍ത്തകള്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ പശ്ചാത്തലമായി എന്റെ ഗ്രാമം പതിഞ്ഞുകിടപ്പുണ്ട്!

വളരെപ്പണ്ടുകാലം മുതല്‍തന്നെ നിലവിലുള്ള ഗ്രന്ഥശാലകളും കലാസമിതികളും ഗ്രാമജനതയുടെ ബൌദ്ധികതലത്തിലും സ്വാധീനം ചെലുത്തി.

കേരളത്തിലെ ആദ്യത്തെ ‘“കുട്ടികളുടെ നാടകവേദി”എന്ന സങ്കല്പം,യശഃശരീരനായ ശ്രീ.ജി.ശങ്കരപ്പിള്ള യഥാര്‍ത്ഥ്യമാക്കിയത് ഞങ്ങളുടെ ഗ്രാമത്തിലായിരുന്നു-“രംഗപ്രഭാത്”!!
കേരള പ്രൊഫഷണല്‍ നാടക രംഗത്തെ പ്രബലമായ രണ്ട് സംഘങ്ങള്‍ വെഞ്ഞാറമൂട്ടിലേതാണ്-‘സൌപര്‍ണ്ണിക’യും ‘സംഘചേതന’യും!!

സിനിമാസംവിധായകരായ ശ്രീ.രാജസേനന്‍,ശ്രീ.തുളസീദാസ്,ശ്രീ.സനല്‍(പ്രിയം),സുരാജ് വെഞ്ഞാറമൂടിനെപ്പോലെ നടീനടന്മാര്‍,എസ്.ബിസതീഷ്(വസ്ത്രാലങ്കാരം-സംസ്ഥാന അവാര്‍ഡ് ജേതാവ്)തുടങ്ങി ഒട്ടനവധിപേര്‍ സിനിമയിലുമെത്തി.
കെ.രാമന്‍പിള്ള(ബി.ജെ.പി മുന്‍ സംസ്ഥാനപ്രസിഡന്റ്),പിരപ്പന്‌കോട് മുരളി(സി.പി.എം നേതാവും കവിയും),കാവിയാട് ദിവാകരപ്പണിക്കര്‍(മുന്‍ തിരു.ദേവസ്വം ബോര്‍ഡ് അംഗം),പി.വിജയദാസ് (മുന്‍ എം.എല്‍.എ.)തുടങ്ങിയ രാഷ്ടീയ നേതാക്കളും മുരളി നെല്ലനാടിനെപ്പോലെ എഴുത്തുകാരും ഒക്കെ ഇവിടത്തുകാര്‍ തന്നെ!!

വെഞ്ഞാറമൂട് മുക്കില്‍നിന്നും 3 കി.മീ. വടക്കുമാറിയാണ് ‘കോട്ടുകുന്നം’(കോട്ട കുന്നകം-കോട്ടകള്‍ പോലെ നില്‍ക്കുന്ന കുന്നുകളുടെ അകം),വാമനപുരം നദിക്കരികില്‍ പച്ചച്ച മലനിരകളാല്‍ ചുറ്റപ്പെട്ട് മനോഹരിയായ കോട്ടുകുന്നത്തിന്റെ അധീശന്‍ ശിവനും അലങ്കാരമായി പ്രശസ്ത ശിവാലയവും!!തിരികെ വരുമ്പോള്‍ പഴമയുടെ പ്രൌഢിവിളമ്പി”മുക്കുന്നൂര്‍”,വയല്‍ക്കരയില്‍ ‘കാവറ’(കാവിന്റെ അറ),വലിയകട്ടക്കാല്‍,ഗണപതിപുരം,പരമേശ്വരം………….

ഓരോ കരയിലും അധീശശക്തികളായ ദേവതകളുടെ ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍!!